അറിഞ്ഞതില്‍ പാതി

അറിഞ്ഞതില്‍ പാതി പറയാതെ പോയ്‌........
പറഞ്ഞതില്‍ പാതി പതിരായും പോയ്‌....
ജനിച്ചത്‌ മുതല്‍ അറിഞ്ഞു തുടങ്ങി..എന്തൊക്കെയോ; എവിടെന്നോ..,ഒന്നും കൃത്യമായി ഓര്‍ക്കാന്‍ പറ്റുന്നവയല്ല.എങ്കിലും മനസ്സില്‍ ചിലത് മാത്രം പതിഞ്ഞു കിടന്നു..സംസ്കാരമായോ വികാരമായോ അത് രൂപപ്പെട്ടു..
ചില പൊട്ടുകള്‍ മാത്രം എപ്പോഴും കാര്‍മേഘം പോലെ ഉരുണ്ട് കൂടി..ഒരിറ്റു മാത്രം നൊമ്പരമായി കിനിഞ്ഞു..ഒരു മിന്നല്‍ പിണറായി അതാരെയോ തിരഞ്ഞു..
ഇവിടെ തിരച്ചില്‍ തുടരുന്നു..
പാതി മാത്രം പതിരില്‍ കുതിര്‍ന്ന്..

Saturday, August 11, 2012

വേഷങ്ങള്...നിമിഷങ്ങള്...

ന്റെ ഉമ്മാമക്കിപ്പോള് മാക്സിയാണ് വേഷം. കാലപ്പഴക്കങ്ങളെ അത്ഭുതകരമാം വിധം ഉമ്മാമ അതിനുള്ളില് ഒതുക്കിക്കൂട്ടിയിരിക്കുന്നു. ഒരു യുവതിയുടെ മാനസികങ്ങളില് ഇഴുകിച്ചേരാനുള്ള വാജ്ഞയാവണം. നരമൂത്ത തലകളെ ഡൈ ചെയ്ത് യുവത്വം വീണ്ടെടുക്കാനുള്ള പുതിയ മനുഷ്യരുടെ പാഴ് വേല പോലെ. 

ഉമ്മാമ തുന്നിയ ഉടുപ്പുകള്.....

സൂരിത്തുണിയും കാച്ചയും ഉമ്മക്കുപ്പായവുമണിഞ്ഞ് ഞൊറിയിട്ട തട്ടം ഇടക്കിടെ ശരിയാക്കി കൈവിരലുകളില് തസ്ബീഹ് മുത്തുകള് മറിക്കുമ്പോള് പുണ്യപ്രവാചകന്മാരുടെ കഥ പറയുന്ന ഉമ്മാമയെ കെട്ടിപ്പിടിച്ച് ഞാനെന്നും സ്വപ്നം കാണാറുണ്ടായിരുന്നു. അവരുടെ അധരങ്ങളില് നിന്നുതിരുന്നതിനെല്ലാം ഒരു സംഗീതത്തിന്റെ വശ്യതയുണ്ടായിരുന്നു. ഒരു നാള് ഉമ്മാമ തന്റെ കാച്ചയെല്ലാം അഴിച്ച് മാക്സിയണിഞ്ഞു; പലരും അണിയിച്ചു എന്ന് പറയുന്നതാവും ശരി. അവരെന്തുകൊണ്ടോ വാശി പിടിച്ചില്ല.
സബീന  തുറന്ന് പിടിച്ച് കാല് നീട്ടി അവര് ആലപിക്കുന്ന മാലപ്പാട്ടുകള്ക്ക് പ്രത്യേകമായ താളമായിരുന്നു. വീരചരിതങ്ങള് കുട്ടികള്ക്ക് പകര്ന്ന് നല്കുമ്പോള് പ്രകൃതിയുടെ താളങ്ങള് അവ ആവാഹിച്ചു. ഒറ്റ മാലപ്പാട്ടു കൊണ്ട് പലവിധ രോഗങ്ങള്ക്ക് ശമനം കണ്ടെത്തിയിരുന്നു ഉമ്മാമ.
പ്പാപ്പയുടെ രൂപവും മാറിത്തുടങ്ങിയിരുന്നു. വോയില് മുണ്ടും കള്ളിത്തുണിയും ബനിയനും ധരിച്ച് അരയിലൊരു പിച്ചാത്തി തിരുകിയ ഗാംഭീര്യം ഇപ്പോഴാ മുഖത്തില്ല. വെള്ളി മേഘങ്ങള് പോലെ തിളങ്ങിയിരുന്ന അവരുടെ തലമുടി കാണാന് നല്ല ചന്തമായിരുന്നു. വൃദ്ധന്മാര് വാര്ദ്ധക്യ സ്വഭാവം കാണിക്കാതിരുന്നാല് പ്രപഞ്ചതാളം തന്നെ തെറ്റുമെന്ന് ഇപ്പോള് തോന്നിത്തുടങ്ങുന്നു.
മ്മാമയാണ് കീറിയ തുണികള് തുന്നിയിരുന്നത്. ചിലപ്പോള് ഒന്നിലേറെ തുന്നിക്കൂട്ടിയ ഇടങ്ങള് അവരുടെ കുപ്പായത്തില് ഉണ്ടായിരുന്നു. ഉമ്മക്കുപ്പായങ്ങള് തയ്ക്കുന്ന നെയ്ത്തുകാര് അപ്പോള് ഉണ്ടായിരുന്നില്ല.കീറിയ പുടവകള് നാം തുന്നിക്കൂട്ടാറുമില്ല. തുന്നുകയെന്നാല് വിണ്ടുകീറിയ ബന്ധങ്ങള് വിളക്കിയെടുക്കലാണ്.ഭാരതത്തില് മുസ്ലിം-സിഖ് ബന്ധങ്ങള് തകര്ന്ന് കിടക്കുന്ന കാലത്ത് സൂഫി വര്യനായിരുന്ന ഫരീദ് ഗഞ്ച് ശക്കറിന് ഗുരുദ്വാരയില് നിന്ന് ഉപഹാരമായി കത്രിക നല്കപ്പെട്ടു. "വെട്ടിമാറ്റാനുള്ള കത്രികയല്ല തുന്നിച്ചേര്ക്കാനുള്ള സൂചിയും നൂലുമാണ്"തനിക്ക് വേണ്ടതെന്ന് അദ്ദേഹം മൊഴിഞ്ഞത്രെ. 
രു കുഞ്ഞിക്കാല് കാണാതിരുന്നിട്ടും മരണം വരെ അഗാധമായ സ്നേഹബന്ധങ്ങള് കാത്ത് സൂക്ഷിച്ച് ജീവിച്ച ദമ്പതികളെ എവിടെയോ വായിച്ചതോര്ക്കുന്നു. അസൂയാവഹമായിരുന്നു അവരുടെ ജീവിതം. പ്രിയതമ യമപുരി പുല്കിയപ്പോള് അതിതീവ്രമായ ദുഃഖപാരവശ്യത്തില് ശയ്യാവലംബിയായ വൃദ്ധനോട് പരിചാരകന് കാരണം തിരക്കി. താന് കിടന്ന മൂലയിലേക്കയാള് വിരല് ചൂണ്ടി. അവിടെ കുന്നോളം പാവക്കുട്ടികളുണ്ടായിരുന്നു. തങ്ങള്ക്കിടയില് പിണക്കമുണ്ടാകുമ്പോള് രോഷമടക്കാന് പഴയ വസ്ത്രങ്ങള് തുന്നിക്കൂട്ടി പാവകളുണ്ടാക്കുകയായിരുന്നത്രെ ആ സ്ത്രീ.
ശാം കീഴടക്കിയ അബൂ ഉബൈദ വിജയ ശ്രീലാളിതനായപ്പോള് ഖുദ്സിന്റെ താക്കോല് മുസ്ലിംകളെ ഏല്പ്പിക്കാന് ഭരണാധിപനായിരുന്ന ഉമര് ബിന് ഖഥാബ് തന്നെ വരണമെന്ന് അന്നാട്ടുകാര് ആവശ്യപ്പെട്ടു. അറേബ്യന് സാമ്രാജ്യത്തിന്റെ അധിപനെ ആകാംക്ഷാപൂര്വ്വം കാത്തു നിന്ന ജനങ്ങള് രണ്ടാം ഖലീഫയുടെ വസ്ത്രത്തിലെ തുന്നുകള് കണ്ട് അന്തിച്ചു. കീറിയവ തുന്നിച്ചേര്ക്കുമ്പോള് അഹംഭാവങ്ങളെ സൂചികൊണ്ട് കുത്തിപ്പൊട്ടിക്കുകയാണ് ചെയ്യുന്നത്. നൂലറ്റങ്ങളിലൂടെ ലാളിത്യം ഉള്ളകങ്ങളിലേക്ക് പ്രവഹിക്കപ്പെടുന്നു. ഭദ്രതയുടെ ഭദ്രതയാണ് തുന്നിക്കൂട്ടല്. വഴിക്കൊള്ളക്കാരെപ്പോലും മനസ്സിളക്കിയ ശൈഖ് ജീലാനിയുടെ ഉമ്മ വിദ്യതേടിപ്പോകുന്ന മകന്റെ കോന്തലയയില് തുന്നി വെച്ച സ്വര്ണ നാണയങ്ങളുടെ അത്രയും ഭദ്രത.
മ്മാമ തുന്നി നന്നാക്കിയ പുടവകളിപ്പോഴാരും അണിയാറില്ല. കാലം മാറിയിരിക്കുന്നത്രെ. വേഷങ്ങളും..വേഷമാറ്റങ്ങള് സംസ്കാരങ്ങളുടെയും മാറ്റമാണ്. വസ്ത്രങ്ങളില് ആഗോള വത്ക്കരണം നെയ്ത പരിണാമം യുഗങ്ങളെ കീഴ്മേല് മറിക്കുന്ന പോലായിരുന്നു. മാപ്പിളമക്കള്ക്ക് സാംസ്കാരികമായി ഒരു വേഷവും ഫാഷനുമുണ്ടായിരുന്നു. മാപ്പിള വേഷത്തിനുള്ളില് സ്ത്രീ-പുരുഷന്മാര് ഇസ്ലാമിക തനിമ കൊണ്ട് നടന്നു. സമൂഹത്തില് കസവ് തുന്നിച്ചേര്ത്ത ഒരിടം തന്നെ മാപ്പിള സ്ത്രീകള്ക്കുണ്ടായിരുന്നു. പെണ്ണുങ്ങളുടേത് മാത്രമായ ആ വലിയ മുറ്റത്തിരുന്ന് ഉമ്മാമയും കൂട്ടുകാരികളും ആത്മീയതയുടെ വിശാലമായ ഇല്ലങ്ങള് തേടി മാനസികവ്യാപാരം നടത്തിയിരുന്നു. കല്യാണങ്ങളും സല്ക്കാരങ്ങളും അന്ന് അവാച്യമായൊരു ശൈലികൊണ്ടു. നിശയുടെ ഓരം പിടിച്ച് നടന്ന പുതുക്കങ്ങളില് അവര് തിരുനബിയുടെയും ആസ്യാബീവിയുടെയും കല്ല്യാണപ്പാട്ടുകള് ഈണത്തില് നീട്ടിപ്പാടി. കാല് ചുവട്ടിലെ ചരല്ക്കല്ലുകള് അംബരത്തിലെ നക്ഷത്രക്കുഞ്ഞുങ്ങളെ പ്പോലെ അതില് വെട്ടിത്തിളങ്ങി.
പുതിയ കുപ്പായങ്ങളുടെ സ്വഭാവം തന്നെയാണ് പുതിയ ആളുകള്ക്കും. ഉപരിപ്ലവതയുടെ പളപളപ്പ്. മേല്കാന്തിയില് വിനഷ്ടമാകുന്ന ഔചിത്യത്തിന്റെ അതിസങ്കീര്ണതകള്. പഴകിയ വസ്ത്രങ്ങളുടെ ജീര്ണമണം ആത്മ സുകം നല്കിയിരുന്നു..അതിന്റെ രൂപവും ഭാവവും ഒരു ഭക്തിഗീതമായിരുന്നു. അയലില് കൊളുത്തിയിട്ട മാറാപ്പുകെട്ടില് അടുക്കിവെക്കാറുണ്ടായിരുന്ന പുടവകള്ക്കിടയില് ഉമ്മാമ തുന്നിയ കുപ്പായങ്ങളില്ല. അതേതോ പ്രളയക്കെടുതി അനുഭവിച്ചവരോ മറ്റോ കൊണ്ടുപോയി. ആ ദുരിത ബാധിതര് നമ്മുടെ സംസ്കാരമാണ് കൊണ്ട് പോകുന്നതെന്ന് ആരാണറിഞ്ഞത്..?അതിന്റെ വില ഉമ്മാക്ക് പോലും നിശ്ചയമില്ലായിരുന്നു. 
മ്മാമയുടേതായിരുന്നു ജീവിതം.കീറക്കണ്ടങ്ങള് ഒരുക്കൂട്ടി അവര് പോറ്റിയ കുഞ്ഞുങ്ങള് എത്രയാണ്....ഒരു നാള് ആരോടും പറയാതെ ഉപ്പാപ്പ പോയപ്പോള് ഉമ്മാമ നല്കിയ ശവക്കച്ചക്ക് കുന്തിരിക്കത്തിന്റെ മണമുണ്ടായിരുന്നു..അവരു
ടെ കൈത്തഴക്കങ്ങള് ജനന മരണങ്ങളെ അണിയിച്ചൊരുക്കി..പൈതൃകങ്ങള്ക്കിടയില് ഒരു ഇണനൂല് ബന്ധമായി ഉമ്മാമയും അവരുടെ ഉടുപ്പുകളും നിന്നു...
പിന്നീടെപ്പോള് ,എവിടെയാണ് ഉമ്മാമയുടെ സൂചിയും നൂലും കളഞ്ഞ് പോയത്..?പാടിയും പറഞ്ഞും അവര് പകര്ന്ന് നല്കിയ "സുബര്ക്കത്തിലെ അതൃപ്പങ്ങള്"എന്നും ഒരു ആശയും പ്രത്യാശയുമായിരുന്നു..അത് കേട്ട് കേട്ടുറങ്ങിയപ്പോള് പെരുന്നാള് കോടികളില് അവരുടെ സൂചിയുടെ മണം സ്വപ്നം കണ്ടു...ആളുകള് ഇടതടവില്ലാതെ പരസ്പരം വിരുന്ന് പോയി..ഉമ്മാമ തുന്നിയെടുത്ത ബന്ധങ്ങള് ഗാഡമായിരുന്നു.അവരുടെ കോന്തലക്കല് കരുതിയ മിഠായി മധുരം മാത്രമായിരുന്നു നമ്മുടെ ജീവിതത്തിന്.ഇനി എങ്ങനെയാണ് ഉമ്മാമ പുതു ജീവിതങ്ങള്ക്ക് മധുരം നല്കുക...?കാച്ചയുടെ കോന്തലയില് കെട്ടാത്ത തലമുറകള്ക്ക് മധുരമുണ്ടാകുമോ....?